Sports
അഡ്ലെയ്ഡ്: ഓസ്ട്രേലിയൻ വനിതകൾക്കെതിരായ ട്വന്റി 20 പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കി. നിർണായകമായ മൂന്നാം മത്സരത്തിൽ 17 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 177 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കങ്കാരുപ്പടയ്ക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് മാത്രമെ നേടാൻ കഴിഞ്ഞുള്ളൂ.
57 റൺസ് നേടിയ ആഷ്ലെ ഗാർഡ്നറാണ് ഓസീസിന്റെ ടോപ് സ്കോറർ. ഫീബ ലിച്ച്ഫീൽഡ് (26) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ഓസീസ് നിരയിൽ ആറ് ബാറ്റ്സ്മാൻമാർക്ക് രണ്ടക്കം കടക്കാനായില്ല. ഇന്ത്യയ്ക്കായി ശ്രീചാരണിയും ശ്രേയങ്ക പാട്ടീലും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. സ്കോർ: ഇന്ത്യ 176/6 ഓസ്ട്രേലിയ 159/9.
ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്കായി സ്മൃതി മന്ദാനയും ( 82) ജെമീമ റോഡ്രിഗസ് (59) അർധസെഞ്ചുറി നേടി. ഓസ്ട്രേലിയയ്ക്ക് വേണ്ടി അന്നാബെൽ സതർലൻഡ് രണ്ട് വിക്കറ്റെടുത്തു. കിം ഗാർത്തും ക്യാപ്റ്റൻ സോഫി മോളിനെക്സും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയും രണ്ടാം മത്സരത്തിൽ ഓസ്ട്രേലിയായും വിജയിച്ചിരുന്നു.
Sports
പോഖറ (നേപ്പാള്): ഐസിസി അണ്ടര് 19 പുരുഷ ലോകകപ്പിനു പിന്നാലെ ഇന്ത്യന് കൗമാരം മറ്റൊരു ട്രോഫികൂടി രാജ്യത്ത് എത്തിച്ചു.
സാഫ് അണ്ടര് 19 വനിതാ ഫുട്ബോളിലാണ് ഇന്ത്യയുടെ കൗമാരാരവും വീണ്ടും ഉയര്ന്നത്. ഇന്നലെ പോഖറയിലെ രംഗശാല സ്റ്റേഡിയത്തില് അരങ്ങേറിയ ഫൈനലില് ഇന്ത്യ 4-0ന് ബംഗ്ലാദേശിനെ കീഴടക്കിയാണ് കപ്പുയര്ത്തിയത്.
ജുലന് നോങ്മൈഥേം (42), എലിസബത്ത് ലെഘറ (63, പെനാല്റ്റി), പേള് ഫെര്ണാണ്ടസ് (68), അന്വിത രഘുരാമന് (83) എന്നിവരാണ് ഇന്ത്യക്കായി വലകുലുക്കിയത്. ലീഗ് റൗണ്ടില് ഇരുടീമും ഏറ്റുമുട്ടിയപ്പോള് ബംഗ്ലാദേശ് 2-0ന്റെ ജയം നേടിയിരുന്നു. അതിന്റെ കണക്കു തീര്ത്തുള്ള ജയമാണ് ഫൈനലില് ഇന്ത്യന് പെണ്കൊടികള് സ്വന്തമാക്കിയത്.
Sports
മുംബൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയത്തുടക്കം. ആദ്യ മത്സരത്തിൽ 29 റൺസിന്റെ ജയമാണ് നീലപ്പട സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന യുഎസ്എയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 132 റൺസ് നേടാനെ കഴിഞ്ഞൊള്ളൂ.
സ്കോർ: ഇന്ത്യ 161/9 യുഎസ്എ 132/8. ഇന്ത്യയ്ക്കായി മുഹമ്മദ് സിറാജ് മൂന്ന്, അർഷ്ദീപ് സിംഗ്, അക്ഷർ പട്ടേൽ എന്നിവർ രണ്ടും വരുൺ ചക്രവർത്തി ഒരു വിക്കറ്റുമെടുത്തു. 162 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത യുഎസിൻ്റെ തുടക്കവും തകർച്ചയോടെയായിരുന്നു.
3.2 ഓവറിൽ 13 റൺസിനിടെ അവർക്ക് ആൻഡ്രിസ് ഗസ് (ആറ്), ക്യാപ്റ്റൻ മൊണാങ്ക് പട്ടേൽ (0), സായ്തേജ മുക്കാമല്ല (രണ്ട്) എന്നിവരെ നഷ്ടമായി. എന്നാൽ നാലാം വിക്കറ്റിൽ 58 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ മിലിന്ദ് കുമാർ - സഞ്ജയ് കൃഷ്ണമൂർത്തി സഖ്യം സ്കോർ 71ൽ എത്തിച്ചു.
12-ാം ഓവറിൽ മിലിന്ദിനെ മടക്കി വരുൺ ചക്രവർത്തി ഈ സഖ്യം പൊളിച്ചു. 34 പന്തിൽ നിന്ന് ഒരു സിക്സും മൂന്ന് ഫോറുമടക്കം 34 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. പിന്നാലെ 27 റൺസ് ചേർക്കുന്നതിനിടെ സഞ്ജയുടെ വിക്കറ്റും അവർക്ക് നഷ്ടമായി. 31 പന്തിൽ നിന്ന് 37 റൺസെടുത്ത താരത്തെ അക്ഷർ പട്ടേലാണ് വീഴ്ത്തിയത്.
തൊട്ടടുത്ത പന്തിൽ ഹർമീത് സിങ്ങിനെയും (0) അക്ഷർ പുറത്താക്കി. 22 പന്തിൽ നിന്ന് 37 റൺസുമായി ശുഭം രഞ്ജാനെ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുടക്കത്തിൽ തന്നെ യുഎസ്എ ബൗളർമാർ ഞെട്ടിച്ചു. രണ്ടാ ഓവറിലെ രണ്ടാം പന്തിൽ ഓപ്പണർ അഭിഷേക് ശർമയെ ഗോൾഡ് ഡക്കായി അലി ഖാൻ മടക്കുകയായിരുന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും പിടിച്ചുനിന്ന ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ ഇന്നിംഗ്സാണ് ഇന്ത്യൻ ടീമിനെ മാന്യമായ സ്കോറിലെത്തിച്ചത്. 49 പന്തുകൾ നേരിട്ട സൂര്യ നാല് സിക്സും 10 ഫോറുമടക്കം 84 റൺസോടെ പുറത്താകാതെ നിന്നു. യുഎസിനായി പേസർ ഷാഡ്ലി വാൻ ഷാൽക്വിക്ക് നാലു വിക്കറ്റ് വീഴ്ത്തി.
Sports
തിരുവനന്തപുരം: ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് 46 റൺസിന്റെ തകർപ്പൻ ജയം. ഇന്ത്യ ഉയർത്തിയ 272 റൺസെന്ന കൂറ്റൻ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കിവീസ് 19.2 ഓവറിൽ 225 റൺസിന് എല്ലാവരും പുറത്തായി.
38 പന്തിൽ 80 റൺസ് നേടിയ ഫിൻ അലനാണ് അവരുടെ ടോപ് സ്കോറർ. ഇന്ത്യയ്ക്കായി അർഷ്ദീപ് സിംഗ് അഞ്ചും അക്ഷർ പട്ടേൽ മൂന്നും വിക്കറ്റ് വീഴ്ത്തി. സ്കോർ: ഇന്ത്യ 271/5 ന്യൂസിലൻഡ് 225 (19.4). ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി ഇഷാൻ കിഷൻ (103) സെഞ്ചുറി നേടി.
സൂര്യകുമാർ യാദവും (63) ഹാർദിക്ക് പാണ്ഡ്യയും (42) തകർത്തടിച്ചതോടെ ഇന്ത്യയുടെ സ്കോർ ബോർഡിൽ കൂറ്റൻ റൺസ് പിറന്നു. ഇന്ത്യയ്ക്ക് തുടക്കത്തിലേ സഞ്ജുവിനെ (6) നഷ്ടമായി. എന്നാൽ അഭിഷേക് പതിവ് വെടിക്കെട്ട് തുടർന്നു. 16 പന്തിൽ രണ്ട് സിക്സും നാല് ഫോറുമടക്കം 30 റൺസെടുത്ത് അഭിഷേകും മടങ്ങി.
എന്നാൽ മൂന്നാം വിക്കറ്റിൽ ഇഷാൻ കിഷനും സൂര്യയും ഒന്നിച്ചതോടെ പിന്നീട് സിക്സറുകളുടെ പെരുമഴയ്ക്കാണ് കാര്യവട്ടം സാക്ഷ്യംവഹിച്ചത്. വെറും 57 പന്തിൽ നിന്ന് 137 റൺസാണ് ഇരുവരും ചേർന്ന് അടിച്ചെടുത്തത്. പരമ്പരയിലെ മൂന്നാം അർധ സെഞ്ചുറി നേടിയ സൂര്യ 30 പന്തിൽ 63 റൺസെടുത്ത് മടങ്ങി.
പിന്നാലെ ഹാർദിക് പാണ്ഡ്യയുമൊത്ത് ഇഷാൻ സ്കോർ ഉയർത്തി. 17 പന്തുകൾ നേരിട്ട ഹാർദിക് നാല് സിക്സും ഒരു ഫോറുമടക്കം 42 റൺസെടുത്തു. ജയത്തോടെ ഇന്ത്യ 4-1ന് പരമ്പര സ്വന്തമാക്കി. സൂര്യകുമാർ യദവിനെ പരമ്പരയുടെ താരമായും ഇഷാൻ കിഷനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
കാര്യവട്ടത്തെ മികച്ച പ്രകടനത്തിനു പിന്നാലെ ടി20 ലോകകപ്പിൽ ഇഷാൻ കിഷന് സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചെന്നു പറയാം. അഞ്ചാം ടി20 യിൽ വിക്കറ്റ് കീപ്പര് സ്ഥാനത്ത് നിന്ന് സഞ്ജുവിനെ മാറ്റിയത് ഇതിന്റെ സൂചനയാണെന്നും റിപ്പോർട്ടുകളുണ്ട്. കാര്യവട്ടത്ത് സഞ്ജു ഫീൽഡറായാണു കളിച്ചത്.
Sports
ബുലാവായോ: അണ്ടർ19 ലോകകപ്പ് സൂപ്പർ സിക്സിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം. സിംബാബ്വേയ്ക്കെതിരെ 204 റൺസിന്റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇന്ത്യ ഉയർത്തിയ 353 റൺസ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്വേ 148 റൺസിന് പുറത്തായി.
സ്കോർ: ഇന്ത്യ 352/8 സിംബാബ്വേ 148 (37.4). കൂറ്റൻ വിജയ ലക്ഷ്യവുമായി ഇറങ്ങിയ സിംബാബ്വെയ്ക്ക് തകർച്ചയോടെയായിരുന്നു തുടക്കം. 24 റൺസിനിടെ ടീമിന് മൂന്നുവിക്കറ്റുകൾ നഷ്ടമായി. 62 റണ്സെടുത്ത ലീറോയ് ചിവൗലയ്ക്ക് മാത്രമാണ് സിംബാബ്വെ നിരയില് പിടിച്ചുനില്ക്കാന് സാധിച്ചത്.
കിയാന് ബ്ലിഗ്നോട്ട് (37), തതേന്ദ് ചിമുഗോരോ (29) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്. ഒരു ഘട്ടത്തില് നാലിന് 142 റണ്സെന്ന നിലയില് ആയിരുന്ന സിംബാബ്വെയ്ക്ക് ശേഷിക്കുന്ന വിക്കറ്റുകള് കേവലം ആറ് റണ്സിനിടെ നഷ്ടമാവുകയായിരുന്നു.
മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഉദ്ധവ് മോഹന്, ആയുഷ് മാത്രെ എന്നിവരാണ് സിംബാബ്വെയെ തകര്ത്തത്. നേരത്തേ ആദ്യം ബാറ്റുചെയ്ത ഇന്ത്യയ്ക്കായി വിഹാൻ മൽഹോത്രയുടെ (109) സെഞ്ചുറിയും ഓപ്പണര് വൈഭവ് സൂര്യവംശി (52) അഭിഗ്യാന് കുണ്ടു (61) എന്നിവരുടെ അര്ധസെഞ്ചുറിയും നേടി.
Sports
റായ്പുർ: ന്യൂസിലൻഡിനെതിരായ രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ഏഴുവിക്കറ്റ് ജയം. കിവീസ് ഉയർത്തിയ 209 റൺസ് കൂറ്റൻ വിജയം ലക്ഷ്യം 15.2 ഓവറിൽ ഇന്ത്യ മറികടന്നു.
ഇഷാൻ കിഷൻ (32 പന്തിൽ 76), ക്യാപ്റ്റൻ സൂര്യ കുമാർ യാദവ് (37 പന്തിൽ 82*) ശിവം ദുബെ (18 പന്തിൽ36*) എന്നിവരുടെ ഇന്നിംഗ്സുകളാണ് ഇന്ത്യയുടെ ജയം എളുപ്പമാക്കിയത്. മലയാളി താരം സഞ്ജു സാംസണ് ( ആറ്) ഒരിക്കല് കൂടി നിരാശപ്പെടുത്തി. പിന്നാലെ അഭിഷേക് ശര്മ ഗോള്ഡന് ഡക്കാവുകയും ചെയ്തതോടെ ഇന്ത്യ തോൽവി മണത്തിരുന്നു.
എന്നാല് അവിടുന്ന് ഇഷാന് കിഷന് ഇന്ത്യയുടെ രക്ഷയ്ക്കെത്തി. പവര് പ്ലേ പരമാവധി മുതലാക്കാന് കിഷന് സാധിച്ചു. സൂര്യക്കൊപ്പം 122 റണ്സ് കൂട്ടിചേര്ത്ത ശേഷം പത്താം ഓവറിലാണ് കിഷന് മടങ്ങുന്നത്. തുടർന്ന് ശിവം ദുബെ നിലയുറപ്പിച്ചതോടെ ഇന്ത്യ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ന്യൂസിലന്ഡിനായി മിച്ചല് സാന്റനര് (47) റണ്സ് നേടി ടോപ് സ്കോററായി. രചിന് രവീന്ദ്ര 44 റണ്സെടുത്തു. ഇന്ത്യയ്ക്കായി കുൽദീപ് യാദവ് രണ്ടും ഹാര്ദിക് പാണ്ഡ്യ, ഹര്ഷിത് റാണ, വരുണ് ചക്രവര്ത്തി, ശിവം ദുബെ എന്നിവര് ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-0നു ലീഡുയർത്തി. അടുത്ത മത്സരം 25നു ഗുവാഹത്തിയിൽ നടക്കും.
Sports
ബുലവായോ : അണ്ടർ 19 ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 238 റൺസ് എല്ലാവരും പുറത്തായി. മഴ തടസപ്പെടുത്തിയ മത്സരത്തിൽ ഡിഎൽഎസ് നിയമപ്രകാരം 29 ഓവറിൽ 165 റൺസായിരുന്നു ബംഗ്ലാദേശിന്റെ പുതുക്കിയ വിജയലക്ഷ്യം.
ബംഗ്ലാദേശ് 17.2 ഓവറിൽ രണ്ടുവിക്കറ്റ് മാത്രം നഷ്ടത്തിൽ 90 റൺസെന്ന നിലയിൽ നിൽക്കേയാണ് മഴയെത്തിയത്. അപ്പോൾ 70 പന്തുകളും എട്ട് വിക്കറ്റുകളും കൈയിലിരിക്കേ 75 റൺസ് മാത്രമായിരുന്നു ബംഗ്ലാദേശിന് ജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ ഇന്ത്യൻ ബൗളിംഗ് നിരയുടെ മുന്നിൽ ബംഗ്ലാ കടുവകൾ പതറുകയായിരുന്നു.
28.3 ഓവറിൽ 146 റൺസിന് എല്ലാവരും പുറത്തായി. 51 റൺസ് നേടിയ ക്യാപ്റ്റൻ അസീസുൽ ഹക്കിം തമീമാണ് അവരുടെ ടോപ് സ്കോറർ. നാല് ഓവറിൽ വെറും 14 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റുകൾ വീഴ്ത്തിയ വിഹാൻ മൽഹോത്രയാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി വൈഭവ് സൂര്യവംശിയും (72) അഭിജ്ഞാൻ കുന്ദുവും (80) അർധ സെഞ്ചുറി നേടി. ബംഗ്ലാദേശിനായി അൽ ഫഹദ് അഞ്ച് വിക്കറ്റുകൾ വീഴ്ത്തി. മികച്ച പ്രകടനം പുറത്തെടുത്ത വിഹാൻ മൽഹോത്രയെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
ജയത്തോടെ ഗ്രൂപ്പ് എയിൽ നിന്നും നാലു പോയിന്റുമായി ഇന്ത്യ സൂപ്പർ സിക്സ് റൗണ്ടിലേക്കു പ്രവേശനം ഉറപ്പാക്കി. ആദ്യ മത്സരത്തിൽ ഇന്ത്യ യുഎസിനെ പരാജയപ്പെടുത്തിയിരുന്നു.
Sports
തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതകളുടെ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം മത്സരത്തിൽ 15 റൺസിനായിരുന്നു ഇന്ത്യയുടെ വിജയം.
ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ശ്രീലങ്കയുടെ മടക്കം. സ്കോർ: ഇന്ത്യ 175/7 ശ്രീലങ്ക 160/7. ഇന്ത്യൻ വനിതകൾ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 160 റൺസ് മാത്രമാണ് നേടാനായത്.
42 പന്തിൽ 65 റൺസ് നേടിയ ഓപ്പണർ ഹാസിനി പെരേരയാണ് അവരുടെ ടോപ്പ് സ്കോറർ. വൺഡൗണായിറങ്ങിയ ഇമേഷ ദുലനിയും (39 പന്തിൽ 50) അർധ സെഞ്ചറി നേടി തിളങ്ങിയെങ്കിലും ടീമിനെ വിജയത്തിലെത്താൻ സാധിച്ചില്ല. മധ്യനിരയിൽ ആർക്കും തിളങ്ങാൻ കഴിയാതെ പോയതാണ് അവർക്ക് തിരിച്ചടിയായത്
ഇന്ത്യയ്ക്കായി ബോൾ എടുത്ത എല്ലാവരും വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 175 റൺസ് നേടിയിരുന്നു. അർധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ (68) നിർണായക ഇന്നിംഗ്സാണ് ഇന്ത്യയ്ക്ക് കരുത്തായത്.
പരമ്പരയിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത ഷെഫാലി വർമയെ പരമ്പരയുടെ താരമായും ഹർമൻപ്രീത് കൗറിനെ കളിയിലെ താരമായും തെരഞ്ഞെടുത്തു.
Sports
കൊളംബോ: കാഴ്ച പരിമിതരുടെ പ്രഥമ വനിതാ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക്. കൊളംബോയില് നടന്ന കിരീടപ്പോരാട്ടത്തില് നേപ്പാളിനെ ഏഴ് വിക്കറ്റിന് തകര്ത്താണ് ഇന്ത്യ കിരീടം നേടിയത്.
ടോസ് നേടിയ ഇന്ത്യൻ വനിതകള് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത നേപ്പാള് 20 ഓവറില് അഞ്ച് വിക്കറ്റ് നഷ്ടത്തില് 114 റണ്സെടുത്തു. 115 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 12 ഓവറില് മൂന്ന് വിക്കറ്റ് നഷ്ടത്തില് ലക്ഷ്യത്തിലെത്തി.
44 റൺസ് നേടിയ ഫൂല സരെനാണ് ടോപ് സ്കോറർ. പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത സരെനെ പ്ലെയർ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ഓസ്ട്രേലിയ, പാക്കിസ്ഥാന്, ശ്രീലങ്ക, അമേരിക്ക, നേപ്പാള് തുടങ്ങിയ ടീമുകള് പങ്കെടുത്ത ലോകകപ്പില് അപരാജിതരായാണ് ഇന്ത്യൻ വനിതകള് കിരീടം നേടിയത്.
Sports
രാജ്കോട്ട്: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ ആദ്യ ഏകദിനത്തില് ഇന്ത്യ എയ്ക്ക് നാലുവിക്കറ്റ് ജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 286 റണ്സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് പന്തും നാലു വിക്കറ്റും കൈയിലിരിക്കെ മറികടന്നു. സെഞ്ചുറി നേടിയ റുതുരാജ് ഗെയ്കവാദിന്റെ (117) ഇന്നിംഗ്സാണ് ഇന്ത്യയെ തുണച്ചത്.
സ്കോർ: ദക്ഷിണാഫ്രിക്ക 285/9 ഇന്ത്യ 290/6 (49.3). ഗെയ്കവാദിനു പുറമെ അഭിഷേക് ശര്മ (31), ക്യാപ്റ്റന് തിലക് വര്മ (39), നിതീഷ് കുമാർ റെഡ്ഡി (37) എന്നിവർ മികച്ച പ്രകടനം പുറത്തെടുത്തു. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഒരു ഘട്ടത്തിൽ അഞ്ചിന് 53 എന്ന നിലയില് തകര്ന്ന ദക്ഷിണാഫ്രിക്കയെ മധ്യനിര ബാറ്റ്സ്മാൻമാരാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. 90 റണ്സ് നേടിയ ഡെലാനോ പോട്ഗീറ്ററാണ് ടോപ് സ്കോറര്. ഡിയാന് ഫോറെസ്റ്റര് (77), ബോണ് ഫൊര്ട്വിന് (59) എന്നിവരും നിര്ണായക പ്രകടനം പുറത്തെടുത്തു.
ഇന്ത്യക്ക് വേണ്ടി ഹര്ഷിത് റാണ, അര്ഷ്ദീപ് സിംഗ് എന്നിവര് രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില് ഇന്ത്യ 1-0 ന് മുന്നിലെത്തി